അപ്പം ചുട്ടെടുക്കുന്ന വേഗത്തിലാണ് രാം ഗോപാല്‍ വര്‍മ്മ സിനിമകള്‍ എടുത്തുകൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന സിനിമാപ്രേമികളുണ്ട്. ആ പറയുന്നതില്‍ വാസ്തവമില്ലെന്ന് പറയാതിരിക്കാനുമാവില്ല. കാരണം കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ പത്ത് ടൈറ്റിലുകളാണ് ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര സംവിധായകനായിരുന്ന രാം ഗോപാല്‍ വര്‍മ്മ അനൗണ്‍സ് ചെയ്തത്. പ്രഖ്യാപിക്കുക മാത്രമല്ല ഈ കൊവിഡ് കാലത്തും അതില്‍ മൂന്നു ചിത്രങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സമയത്ത് പുതിയ വിപണിയും അദ്ദേഹം കണ്ടെത്തി. ആര്‍ജിവി വേള്‍ഡ്/ശ്രേയസ് ഇടി എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പേ ആന്റ് വാച്ച് രീതിയിലായിരുന്നു പ്രദര്‍ശനങ്ങള്‍. അതൊക്കെ വിജയങ്ങളായിരുന്നെന്നും അദ്ദേഹം അവകാശവാദമുയര്‍ത്തിയിരുന്നു.
ഏതായാലും ഇപ്പോഴിതാ പുതിയൊരു ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് രാമു. ‘ഡെയ്ഞ്ചറസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ‘ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍’ സിനിമയെന്നാണ് സംവിധായകന് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ത്രില്ലര്‍’ എന്ന രാം ഗോപാല്‍ വര്‍മ്മയുടെ കഴിഞ്ഞ ചിത്രത്തില്‍ നായികയായെത്തിയ അപ്സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് രാമു ചിത്രത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. ‘അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം’ എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ 377-ാം വകുപ്പിന്റെ കാര്യം സൂചിപ്പിച്ച രാം ഗോപാല്‍ വര്‍മ്മ എല്‍ജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ചിത്രമെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Here is the first look poster of DANGEROUS..INDIA’S FIRST LESBIAN CRIME ACTION FILM starring @apsara_rani_ (Insta- https://t.co/nhBlo6fVM9) and @NainaGtweets (Insta- https://t.co/Kyr57boACd) #DangerousRgv pic.twitter.com/xpIGUp2wuO
— Ram Gopal Varma (@RGVzoomin) August 9, 2020