അവഗണന സഹിക്കാൻ വയ്യാതെ അമ്പാട്ടി റായിഡു ക്രിക്കറ്റിനോട് വിട പറഞ്ഞു

ലോകകപ്പ് ടീമില്‍ ഇടംലഭിക്കാതിരുന്ന ഇന്ത്യന്‍ താരം അമ്പാടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചതിന് പിന്നാലെയാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയ്ക്കായി 55 ഏകദിനവും ആറ് ടി20 മത്സരവും കളിച്ചിട്ടുളള റായിഡു ഏകദിനത്തില്‍ 47.5 ശരാശരിയില്‍ 1694 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ താരം 10 തവണ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

ബിസിസിഐ സെലക്ടര്‍മാരോടുളള കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് 33കാരനായ റായിഡു വിരമിക്കാനുളള തീരുമാനം ധൃതിപിടിച്ചെടുക്കാന്‍ കാരണമെന്നാണ് സൂചന. ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ തലവേദനയ്ക്ക് പരിഹാസരമായാണ് റായിഡുവിനെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനമാണ് താരത്തെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തിരുമാനിച്ചതിന് പിന്നിലുളള കാരണം.

അതെസമയം റായിഡുവിന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ ദയനീയ പ്രകടനമാണ് ലോകകപ്പില്‍ കാഴ്ച്ചവെച്ചത്. വിജയ് ശങ്കര്‍ 3ഡി താരമാണെന്ന മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വിലയിരുത്തലിനെ പരിഹസിച്ച് റായിഡു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് പേര്‍ പരിക്കേറ്റ് പിന്മാറിയിട്ടും തന്നെ പരിഗണിക്കാത്തത് റായിഡുവിന് മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു. ഇതോടെയാണ് റായിഡു അന്തരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി മടങ്ങിവരേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*