ഐ.എസ്. ബന്ധം: കോയമ്ബത്തൂരില്‍ റെയ്ഡ്; നിരോധനാജ്ഞ

കോയമ്ബത്തൂര്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കോയമ്ബത്തൂരില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചത്തെ എന്‍.ഐ.എ. റെയ്ഡിനുപിന്നാലെ കോയമ്ബത്തൂരില്‍ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തില്‍ വീണ്ടും പരിശോധന നടന്നു. ജൂണ്‍ 26 വരെ കോയമ്ബത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എന്‍.ഐ.എ. കേസെടുത്ത ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിന്‍ ഷാ (28), പോത്തന്നൂര്‍ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം.അബൂബക്കര്‍ (29), ഉമ്മര്‍ നഗറിലെ സദ്ദാം ഹുസൈന്‍ (26) എന്നിവര്‍ വ്യാഴാഴ്ച കൊച്ചിയില്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്കുമുമ്ബാകെ ഹാജരായി.

ഉക്കടം, കരിമ്ബുകടൈ, വിന്‍സന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പരിശോധന. കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടനം നടത്താന്‍ യുവാക്കളെ ആകര്‍ഷിക്കുന്നരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ ബുധനാഴ്ചയാണ് എന്‍.ഐ.എ. കേസെടുത്തത്. ഇവരുമായി ബന്ധമുള്ള ഉക്കടം സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, കരിമ്ബുക്കടൈ സ്വദേശി ഷെയ്ഖ് സഫിയുള്ള എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസും റവന്യൂ അധികൃതരും പരിശോധിച്ചത്. ഇവരും ഐ.എസ്. അനുകൂലികളാണെന്ന് പോലീസ് പറയുന്നു.

ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സഹ്‌റാന്‍ ഹാഷിമിന്റെ അനുകൂലികളാണെന്നും സ്ഫോടനത്തെ ഇവര്‍ പുകഴ്ത്തിയെന്നും പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണെന്നും കോയമ്ബത്തൂരില്‍ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നും പോലീസ് പറയുന്നുണ്ട്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം മൂന്നുപേര്‍ക്കെതിരേയും പോത്തന്നൂര്‍ പോലീസ് കേസെടുത്തു. ഇതോടെ എന്‍.ഐ.എ.യും പോലീസും ചേര്‍ന്ന് കേസെടുത്തവരുടെ എണ്ണം ഒമ്ബതായി.

വ്യാഴാഴ്ചത്തെ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, ബാങ്ക് അക്കൗണ്ട് രേഖകള്‍, പെന്‍ഡ്രൈവുകള്‍, മെമ്മറി കാര്‍ഡുകള്‍, വിവിധ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. മൂന്നുപേരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എന്‍.ഐ.എ. കഴിഞ്ഞ ദിവസം കേസെടുത്ത അഞ്ചുപേരെയും മുഹമ്മദ് അസറുദ്ദീനൊപ്പം ചോദ്യംചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്‍.ഐ.എ. പരിശോധനയ്ക്കും അസ്ഹറുദ്ദീന്റെ അറസ്റ്റിനും പിന്നാലെയാണ് കോയമ്ബത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍, അറസ്റ്റുമായി ഇത് ബന്ധപ്പെടുത്തിയിട്ടില്ല.

കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകള്‍ വിതരണംചെയ്യുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടഞ്ഞു. കോയമ്ബത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ സുമിത് ശരണ്‍ ആണ് ഉത്തരവിറക്കിയത്.

നിയന്ത്രണത്തില്‍ ഇളവുവേണ്ടവര്‍ അഞ്ചുദിവസംമുമ്ബ് പോലീസിന് അപേക്ഷ നല്‍കണം. അംഗീകൃത ആരാധനാലയങ്ങള്‍ക്കും വിവാഹം, ശവസംസ്കാരം, മതപരമായ മറ്റു ചടങ്ങുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല.

Be the first to comment

Leave a Reply

Your email address will not be published.


*