സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപകനാശം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 21 ആയി. ഇന്ന് മാത്രം 11 പേരാണ് മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ വീട് തകര്‍ന്ന് നാലുപേരും കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും ഇരിട്ടിയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാളും മരിച്ചു.

സംസ്ഥാനത്ത് ജനങ്ങളെ ആശങ്കയിലാഴ്ത്തി ശമനമില്ലാതെ മഴയും കാറ്റും തുടരുകയാണ് . സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി . മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ് . നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.

നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു . റോഡും വൈദ്യുത ബന്ധങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്.

സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ 5936 കുടുംബങ്ങളിലെ 22165 പേരുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ‘ആശങ്ക വേണ്ട. മഴ കൂടിയാലും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ സഹകരമാണ് ഇപ്പോള്‍ വേണ്ടത്’- മന്ത്രി പറഞ്ഞു.

മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ റോഡ്-റെയില്‍-വ്യോമ ഗതാഗതം തടസപ്പെട്ട അവസ്ഥയിലാണ്. നെടുമ്ബാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഞായറാഴ്ച ഉച്ചവരെ നിര്‍ത്തിവെച്ചു. റെയില്‍വേ ട്രാക്കില്‍ മരം വീണ് എറണാകുളം-ആലപ്പുഴ റൂട്ടിലും കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുകയാണ്. മലയോരമേഖലകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഗതാഗതവും പലസ്ഥലങ്ങളില്‍ തടസപ്പെട്ട നിലയിലാണ്. താമരശേരി ചുരത്തിലും ഗതാഗത നിയന്ത്രണമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*