ഡൽഹിയെ തകർത്തു മുംബൈ ഐ പി എൽ ഫൈനലിൽ

0
25

ദുബായ്: ഐപിഎല്ലില്‍ ജസ്പ്രീത് ബുമ്രയുടെ വേഗത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹിയുടെ യുവനിര. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റെടുത്ത ട്രെന്‍ന്‍റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. ഐപിഎല്ലിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ന് ഡല്‍ഹിക്കെതിരെ പുറത്തെടുത്തത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 200/5, ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 143/8.

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ തുടര്‍ച്ചായയ രണ്ടാം ഫൈനലാണിത്.വ്യാഴാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരവിജയികളുമായി ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനലിലെത്താന്‍ രണ്ടാം ക്വാളിഫയറില്‍ ഒരിക്കല്‍ കൂടി മത്സരിക്കാം. ഇതിലെ വിജയികളാകും ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍. സീസണില്‍ മൂന്നാം തവണയാണ് ഡല്‍ഹിയെ മുംബൈ കീഴടക്കുന്നത്.

തലയരിഞ്ഞ് ബോള്‍ട്ടും ബുമ്രയും

രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകുമെന്ന കണക്കുകൂട്ടലിലാണ് ടോസ് ജയിച്ചിട്ടും ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തത്. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ആദ്യ നാലോവറിലെ ഡല്‍ഹിയുടെ തലയരിഞ്ഞ് ബുമ്രയും ബോള്‍ട്ടും ശ്രേയസിന്‍റെ കണക്കുക്കൂട്ടല്‍ തെറ്റിച്ചു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പൃഥ്വി ഷായെ(0) ഡീകോക്കിന്‍റെ കൈകളിലെത്തിച്ച് ബോള്‍ട്ടാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അജിങ്ക്യാ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് ഡല്‍ഹിക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ബൂം..ബൂം ബൂമ്ര

ബോള്‍ട്ടിന്‍റെ ഊഴം കഴിഞ്ഞപ്പോള്‍ പിന്നെ ബുമ്രയുടെ അവസരമായിരുന്നു. തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ(0)ബൗള്‍ഡാക്കി ബുമ്ര തുടങ്ങി. തന്‍റെ രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരെ(12) കൂടി മടക്കി ബുമ്ര ഡല്‍ഹിയുടെ തോല്‍വി ഉറപ്പിച്ചു. റിഷഭ് പന്ത് വന്നതും പോയതും പെട്ടെന്നായിരുന്നു. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ സിക്സിന് ശ്രമിച്ച് പന്ത്(9 പന്തില്‍ 3) മടങ്ങുമ്പോള്‍ ഡല്‍ഹി സ്കോര്‍ ബോര്‍ഡില്‍ 41 റണ്‍സെ ഉണ്ടായിരുന്നുള്ളു.

മാനം കാത്ത് സ്റ്റോയിനസും അക്സറും

കൂട്ടത്തകര്‍ച്ചയിലായ ഡല്‍ഹി ഇന്നിംഗ്സിന് അല്‍മെങ്കിലും മാന്യത നല്‍കിയത് മാര്‍ക്കസ് സ്റ്റോയിനസിന്‍റെയും(46 പന്തില്‍ 65), അക്സര്‍ പട്ടേലിന്‍റെയും(32 പന്തില്‍ 42) ചെറുത്തുനില്‍പ്പായിരുന്നു. ഇരുവരും ചേര്‍ന്ന് മുംബൈക്ക് മാന്യമായ തോല്‍വി ഉറപ്പാക്കുമെന്ന് തോന്നിച്ചഘട്ടത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ വീണ്ടും ബുമ്രയെ പന്തേല്‍പ്പിച്ചു. ആദ്യ പന്തില്‍ തന്നെ സ്റ്റോയിനസിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. ഡാനിയേല്‍ സാംസിനെ(0) കൂടി പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. അക്സറിന്‍റെ പോരാട്ടം പൊള്ളാര്‍ഡ് അവസാനിപ്പിച്ചതോടെ ഡല്‍ഹിയുടെ കഥ കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here