ഹിറ്റ്മാന്റെ സിക്സർ പതിച്ചത് ആരാധികയുടെ പുറത്ത് ; സമ്മാനവുമായി രോഹിത്

ലോകകപ്പില്‍ മിന്നും ഫോം തുടരുന്ന രോഹിത് ശര്‍മ്മ, കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലും തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. 92 പന്തില്‍ 7 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 104 റണ്‍സായിരുന്നു മത്സരത്തില്‍ രോഹിത് നേടിയത്. കളിയില്‍ രോഹിത് പറത്തിയ സിക്സറുകളിലൊന്ന് ഗ്യാലറിയില്‍ കളി കാണാനുണ്ടായിരുന്ന ഇന്ത്യന്‍ ആരാധികയുടെ മേലാണ് വീണത്. തന്റെ ഷോട്ട് കൊണ്ട ഈ ആരാധികയ്ക്ക് മത്സരശേഷം രോഹിത് ഒരു സ്നേഹ സമ്മാനം നല്‍കി.

മീന എന്ന് പേരുള്ള ഇന്ത്യന്‍ ആരാധികയ്ക്കാണ് മത്സര ശേഷം രോഹിതിന്റെ ഓട്ടോഗ്രാഫ് അടങ്ങിയ തൊപ്പി താരത്തില്‍ നിന്നു തന്നെ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായത്. രോഹിത് തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്ത് വരവെയായിരുന്നു അദ്ദേഹത്തിന്റെ സിക്സറുകളിലൊന്ന് ആരാധികയുടെ മേല്‍ പതിച്ചത്.

രോഹിതിന്റെ സിക്സര്‍ പിടിച്ചെടുക്കാന്‍ ഗ്യാലറിയില്‍ ഒരു ആരാധകന്‍ നടത്തിയ ശ്രമം പാളിയപ്പോളായിരുന്നു പിന്നിലിരുന്ന മീനയുടെ മുഖത്ത് പന്ത് കൊണ്ടത്. തന്റെ ഷോട്ട് ആരാധികയുടെ മേല്‍ കൊണ്ടെന്ന് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ നിന്ന് അപ്പോള്‍ത്തന്നെ മനസിലാക്കിയ രോഹിത്, അതാരാണെന്ന് കണ്ടെത്തുകയും മത്സരശേഷം അവര്‍ക്കരികിലെത്തി ഓട്ടോഗ്രാഫ് പതിച്ച തൊപ്പി നല്‍കുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*