സ്റ്റോക്‌സും സഞ്ജുവും ആളി കത്തി പഞ്ചാബ് എരിഞ്ഞമർന്നു

0
21

അബുദാബി: ക്രിസ് ഗെയ്‌ലിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന് ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സിന്‍റെ വിജയലക്ഷ്യം സ്റ്റോക്സിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും സഞ്ജു സാസണിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെയും മികവില്‍ രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി രാജസ്ഥാന്‍ മറികടന്നു. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 185/4, രാജസ്ഥാന്‍ റോയല്‍സ് ഓവറില്‍ 17.3 ഓവറില്‍ 186/3.

26 പന്തില്‍ 50 റണ്‍സടിച്ച ബെന്‍ സ്റ്റോക്സും 25 പന്തില്‍ 48 റണ്‍സടിച്ച സഞ്ജുവും ചേര്‍ന്നാണ് രാജസ്ഥാന്‍റെ ജയം അനാസായസമാക്കിത്. സ്റ്റോക്സ് പുറത്തായശേഷം രാജസ്ഥാനെ മുന്നോട്ട് നയിച്ച സഞ്ജു സെന്‍സിബിള്‍ ഇന്നിംഗ്സുമായി ഇന്ത്യന്‍ ടീമിലേക്കുള്ള തന്‍റെ തെരഞ്ഞെടുപ്പിനെ സാധൂകരിക്കുകയും ചെയ്തു. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ പിന്തള്ളി പോയന്‍റ് പട്ടകിയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തോറ്റെങ്കിലും പഞ്ചാബ് നാലാം സ്ഥാനത്താണ്. തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്കുശേഷമാണ് പഞ്ചാബ് ഒരു മത്സരം തോല്‍ക്കുന്നത്.

ആദ്യ ഓവര്‍ മുതല്‍ അടിയോടടി

അര്‍ഷദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന്‍ നയം വ്യക്തമാക്കി. ഒമ്പത് റണ്‍സ് പിറന്ന ആദ്യ ഓവറിനുശേഷം മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ രാജസ്ഥാന്‍ 12 റണ്‍സടിച്ചു. അര്‍ഷദീപിന്‍റെ രണ്ടാം ഓവറും 11 റണ്‍സടിച്ച രാജസ്ഥാന്‍ തകര്‍പ്പന്‍ തുടക്കമിട്ടപ്പോള്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു.

മുരുഗന്‍ അശ്വിന്‍ എറിഞ്ഞ നാലാം ഓവരില്‍ രണ്ട് സിക്സും ഫോറും പറത്തി സ്റ്റോക്സ് 16 റണ്‍സെടുത്തു. ഷമിയുടെ അടുത്ത ഓവറില്‍ ആറ് റണ്‍സ് മാത്രമെ രാജസ്ഥാന് നേടാനായുള്ളു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി സ്റ്റോക്സ് 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റോക്സും ഉത്തപ്പയും ചേര്‍ന്ന് ആറോവറില്‍ 60 റണ്‍സടിച്ചു.

സഞ്ജു ക്ലാസ്

അര്‍ധസെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ സ്റ്റോക്സ് വീണപ്പോള്‍ പ‍ഞ്ചാബ് ഒന്നാശ്വസിച്ചതാണ്. എന്നാല്‍ സഞ്ജു പഞ്ചാബിന്‍റെ പ്രതീക്ഷകള്‍ അടിച്ചു പറത്തി. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്ന സഞ്ജുവിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സ് അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടില്‍ അവസാനിച്ചു.

സ്മിത്തിന്‍റെ വിളികേട്ട് സിംഗിളിനായി ഓടിയ സഞ്ജു സുജിത്തിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പക്കൊപ്പം(23 പന്തില്‍ 30) അര്ധസെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയാണ് സഞ്ജു രാജസ്ഥാന്‍റെ വിജയമുറപ്പിച്ചത്. പതിനഞ്ചാം ഓവറില്‍ സഞ്ജു പുറത്താവുമ്പോള്‍ ജയത്തിലേക്ക് രാജസ്ഥാന് 40 റണ്‍സകലമേ ഉണ്ടായിരുന്നുള്ളു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും(20 പന്തില്‍ 31*), ജോസ് ബട്‌ലറും(11 പന്തില്‍ 22*) ചേര്‍ന്ന് രാജസ്ഥാന്‍റെ വിജയം പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തത്. 63 പന്തില്‍ 99 റണ്‍സെടുത്ത ഗെയ്‌ലാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ജോഫ്ര ആര്‍ച്ചറുടെ അവസാന ഓവറില്‍ സിക്സ് അടിച്ച് 99ല്‍ എത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് ഗെയ്‌ലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. ക്യാപ്റ്റന്‍ കെ എല്‍ രാഹലും(46) പഞ്ചാബിനായി ബാറ്റിംഗില്‍ തിളങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here