അബുദാബി: ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഓസ്ട്രേലിയന്‍ പര്യനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന്‍റെ കലിപ്പ് മുഴുവന്‍ സൂര്യകുമാര്‍ യാദവ് തീര്‍ത്തത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ സൂര്യകുമാര്‍ മുംബൈയുടെ വിജയസൂര്യനായപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിമൂന്നാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിന്‍റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 43 പന്തില്‍ 79 റണ്‍സോടെ പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 164/6, മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 165/5. ജയത്തോടെ 12 കളികളില്‍ 16 പോയന്‍റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ 12 കളികളില്‍ 14 പോയന്‍റുള്ള ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.

സാഹസങ്ങളില്ലാത്ത പവര്‍ പ്ലേ

അടിച്ചു തകര്‍ക്കാതെ കരുതലോടെയാണ് മുംബൈ പവര്‍ പ്ലേയെ നേരിട്ടത്. ഡെയ്ല്‍ സ്റ്റെയിന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഡീ കോക്ക് സിക്സ് പറത്തിയങ്കിലും പിന്നീട് കാര്യമായ ആക്രമണത്തിനൊന്നും ഡീകോക്ക് മുതിര്‍ന്നില്ല. സ്റ്റെയിനിന്‍റെ രണ്ടാം ഓവറിലും ഡീകോക്ക് സിക്സ് നേടി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മുഹമ്മദ് സിറാജിനെ സിക്സടിക്കാനുള്ള ഡീകോക്കിന്‍റെ ശ്രമം പക്ഷെ ഗുര്‍കീരത് സിംഗിന്‍റെ കൈകളിലൊതുങ്ങി. 19 പന്തില്‍ 18 റണ്‍സായിരുന്നു ഡീകോക്കിന്‍റെ സംഭാവന. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സാണ് മുംബൈ നേടിയത്.

ഡികോക്ക് മടങ്ങിയതിന് പിന്നാലെ എട്ടാം ഓവറില്‍ ഇഷാന്‍ കിഷനെ(19 പന്തില്‍ 25) ചാഹല്‍ വീഴ്ത്തിയതോടെ മുംബൈ ഒന്ന് പകച്ചു. സൗരഭ് തിവാരിക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. സിറാജിന്‍റെ പന്തില്‍ ദേവ്‌ദത്ത് പടിക്കലിന്‍റെ മനോഹരമായ ക്യാച്ചില്‍ സൗരഭ് തിവാരി(5) മടങ്ങി.

ഉദിച്ചുയര്‍ന്ന വിജയസൂര്യന്‍

വിക്കറ്റുകള്‍ ഒരറ്റത്ത് പൊഴിയുമ്പോഴും അ‍ചഞ്ചലനായി ബാറ്റ് വീശിയ സൂര്യകുമാര്‍ യാദവ് മുംബൈയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. ക്രുനാല്‍ പാണ്ഡ്യയും(10) കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ ചാഹലിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് മുംബൈയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചു. വിജയത്തിനരികെ മോറിസിന് മുന്നില്‍ ഹര്‍ദ്ദിക്(15) വീണെങ്കിലും ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ(4*) കൂട്ടുപിടിച്ച് സൂര്യകുമാര്‍ മുംബൈയെ വിജയവര കടത്തി.

കലി തീര്‍ത്തത് കോലിയോടോ…

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ അരിശം മുഴുവന്‍ വിരാട് കോലിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതുപോലെയായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്സ്. 28 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ യാദവ് മത്സരത്തിലാകെ 10 ബൗണ്ടറിയും മൂന്ന് സിക്സും പറത്തി. സൂര്യകുമാറിന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കുമറിഞ്ഞത് ഡെയ്ല്‍ സ്റ്റെയിനായിരുന്നു. നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത സ്റ്റെയിനിന് വിക്കറ്റൊന്നും നേടാനായില്ല. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്. 45 പന്തില്‍ 74 റണ്‍സടിച്ച പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ ജോഷെ ഫിലിപ്പ് 24 പന്തില്‍ 33 റണ്‍സടിച്ചപ്പോള്‍ ബാംഗ്ലൂര്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. മുംബൈക്കായി നാലോവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ബൗളിംഗില്‍ തിളങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here