ദുബായ്: ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജീവന്‍മരണപ്പോരിലെ തോല്‍വിയോടെ ചെന്നൈക്കും പഞ്ചാബിനും പിന്നാലെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാന്‍. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനെ എറിഞ്ഞിട്ട പാറ്റ് കമിന്‍സും വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 201 ഓവറില്‍ 191/7, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 131/9.

60 റണ്‍സിന്‍റെ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന കൊല്‍ക്കത്തക്ക് ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സര ഫലങ്ങള്‍വരുന്നതുവരെ പ്ലേ ഓഫ് പ്രതീക്ഷവെക്കാം. അവസാന മത്സരം വരെ പ്ലേ ഓഫ് പ്രതീക്ഷയുണ്ടായിരുന്ന രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരായ വമ്പന്‍ തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും പിന്നിലായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

തകര്‍ത്തടിച്ച് തുടങ്ങി പിന്നെ കൂട്ടത്തകര്‍ച്ച

പാറ്റ് കമിന്‍സിന്‍റെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് റോബിന്‍ ഉത്തപ്പ തുടങ്ങിയത്. ആ ഓവറില്‍ സ്റ്റോക്സും കമിന്‍സിനെ സിക്സിനും ഫോറിനും പറത്തിയതോടെ രാജസ്ഥാന്‍ സ്കോര്‍ കുതിച്ചു. എന്നാല്‍ മധുരപ്രതികാരമെന്നോണം ഓവറിലെ അവസാന പന്തില്‍ റോബിന്‍ ഉത്തപ്പയെ ബൗണ്ടറിയില്‍ കമലേഷ് നാഗര്‍കോട്ടിയുടെ കൈകകളിലെത്തിച്ച് കമിന്‍സ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഓവറില്‍ 19 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

ശിവം മാവി എറിഞ്ഞ രണ്ടാം ഓവറില്‍ എട്ട് റണ്‍സെ രാജസ്ഥാന് നേടാനായുള്ളു. ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയിട്ടും രണ്ടാം ഓവര്‍ എറിയാനെത്തിയ കമിന്‍സ് ക്യാപ്റ്റന്‍റെ വിശ്വാസം കാത്തു. കമിന്‍സിന്‍റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച അപകടകാരിയായ ബെന്‍ സ്റ്റോക്സിനെ ദിനേശ് കാര്‍ത്തിക് വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ചു. 11 പന്തില്‍ 18 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സമ്പാദ്യം.ആ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ(4) ബൗള്‍ഡാക്കി കമിന്‍സ് അടുത്ത പ്രഹരമേല്‍പ്പിച്ചു.

നിരാശയായി സഞ്ജു

സ്റ്റോക്സ് പുറത്തായശേഷമെത്തിയ സഞ്ജു ആദ്യ പന്തില്‍ സിംഗിള്‍ നേടി. ശിവം മാവി എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ റണ്‍സെടുക്കാന്‍ കഴിയാതിരുന്ന സഞ്ജു മൂന്നാം പന്തില്‍ ഡ്രൈവിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മടങ്ങി. നാലു പന്തില്‍ ഒരു റണ്‍സായിരുന്നു സഞ്ജുവിന്‍റെ നേട്ടം. പവര്‍പ്ലേയില്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ കമിന്‍സ് അവസാന പന്തില്‍ റിയാന്‍ പരാഗിനെ(0) ദിനേശ് കാര്‍ത്തിക്കിന്‍റെ കൈകളിലെത്തിച്ച് രാജസ്ഥാന്‍റെ തകര്‍ച്ച പൂര്‍ണമാക്കി.

കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ജോസ് ബട്‌ലറും രാഹുല്‍ തിവാട്ടിയയും ചേര്‍ന്ന് ശ്രമിച്ചു നോക്കിയതാണ്. 43 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ചെറിയൊരു പ്രതീക്ഷ നല്‍കിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയെ സിക്സ് പറത്താനുള്ള ബട്‌ലറുടെ(22 പന്തില്‍ 35) ശ്രമം ബൗണ്ടറിയില്‍ കമിന്‍സിന്‍റെ കൈകളില്‍ അഴസാനിച്ചു. ബട്‌ലര്‍ മടങ്ങിയതോടെ ജയപ്രതീക്ഷ കൈവിട്ട രാജസ്ഥാന്‍ തോല്‍വിഭാരം കുറക്കാനാണ് പിന്നീട് ശ്രമിച്ചത്. ഒരറ്റത്ത് പിടിച്ചു നിന്ന രാഹുല്‍ തിവാട്ടിയയുടെ(31) ചെറുത്തുനില്‍പ്പും ചക്രവര്‍ത്തിക്ക് മുമ്പില്‍ അവസാനിച്ചതോടെ മാന്യമായ തോല്‍വിയെന്ന രാജസ്ഥാന്‍റെ അവസാന മോഹവും പൊലിഞ്ഞു.

കൊല്‍ക്കത്തക്കായി 43 റണ്‍സ് വഴങ്ങി കമിന്‍സ് നാല് വിക്കറ്റെടുത്തപ്പോള്‍ 20 റണ്‍സ് വിട്ടുകൊടുത്ത് ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ മിന്നല്‍ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 68 റണ്‍സെടുത്ത മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ തിവാട്ടിയ കൊല്‍ക്കത്തയുടെ മധ്യനിരയെ കറക്കി വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here