അബുദാബി: ഐപിഎല്ലില്‍ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മലയാളി താരം സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ മറുപടി. മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്താടിയപ്പോള്‍ ഈ ഐപിഎല്ലില്‍ തന്‍റെ കസേര തിരികെ പിടിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം.

ഈ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ഇക്കുറി 23 സിക്‌സുകളുമായാണ് സഞ്ജുവിന്‍റെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പുരാന് 22 സിക്‌സറുകളാണുള്ളത്. 20 വീതം സിക്‌സുകളുമായി മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷനും പഞ്ചാബിന്‍റെ കെ എല്‍ രാഹുലുമാണ് മൂന്നാമത്. എ ബി ഡിവില്ലിയേഴ്‌സ്(19), കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ(18 വീതം) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

മുംബൈക്കെതിരെ സഞ്ജു 27 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ഐപിഎല്‍ കരിയറില്‍ സഞ്ജുവിന്‍റെ പതിമൂന്നാം ഫിഫ്റ്റിയാണിത്. മത്സരം രാജസ്ഥാന്‍ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ 31 പന്തില്‍ 54 റണ്‍സുമായി സ‍ഞ്ജു പുറത്താകാതെ നിന്നു. മൂന്ന് സിക്‌സാണ് സഞ്ജു പറത്തിയത്. 60 പന്തില്‍ പുറത്താകാതെ 107 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് രാജസ്ഥാന്‍റെ ജയത്തിന് ഇരട്ടി മധുരമായി. ഐപിഎല്ലില്‍ സ്റ്റോക്‌സിന്‍റെ രണ്ടാം സെഞ്ചുറിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here