ചെന്നൈ സൂപ്പർ കിങ്സിലെ താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ടീം ഇന്ത്യയുടെ മുൻ സൂപ്പർതാരം വീരേന്ദർ സെവാഗ്. സർക്കാർ ജോലിയാണ് തങ്ങളുടേത് എന്ന് കരുതിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിലെ ചില കളിക്കാരെന്ന് വീരേന്ദർ സെവാഗ് തുറന്നടിച്ചു.

ഐപിഎൽ മൽസരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ ചെയ്സ് ചെയ്യുന്നതിൽ ചെന്നൈ ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടത് ചൂണ്ടിയാണ് സെവാഗിന്റെ വിമർശനം. ചെയ്സ് ചെയ്യാൻ സാധിക്കുന്നതായിരുന്നു എന്നാൽ കേദാർ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്ട് ബോളുകൾ തിരിച്ചടിയായി.

ചില കളിക്കാർ ചെന്നൈ സൂപ്പർ കിങ്സിലേത് സർക്കാർ ജോലി പോലെയാണ് കാണുന്നത് എന്ന് എനിക്ക് തോന്നുന്നു. നന്നായി കളിച്ചാലും ഇല്ലെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് അവർക്ക് അറിയാം, സെവാഗ് പറഞ്ഞു.

അതേ സമയം 12 പന്തിൽ നിന്ന് 7 റൺസ് നേടിയ കേദാർ ജാദവ് ആണ് ശരിക്കും മാൻ ഓഫ് ദി മാച്ച് എന്ന് പറഞ്ഞ് സെവാഗ് ചെന്നൈ താരത്തെ പരിഹസിക്കുകയും ചെയ്യുന്നു. ഉപയോഗമില്ലാത്ത അലങ്കാര വസ്തു എന്നാണ് തന്റെ ഫേസ്ബുക്ക് വീഡിയോയിൽ സെവാഗ് അധിക്ഷേപിച്ചത്. നേരത്തേയും ചെന്നൈ സൂപ്പർ കിങ്സിന് എതിരെ രൂക്ഷ വിമർശനവുമായി സെവാഗ് എത്തിയിരുന്നു.

ചെന്നൈ കളിക്കാർക്ക് ഗ്ലൂക്കോസ് നൽകൂ എന്നുൾപ്പെടെയായിരുന്നു സെവാഗിന്റെ പരിഹാസങ്ങൾ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സ് 10 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്.

അർധ ശതകം നേടിയ ഷെയ്ൻ വാട്സനും, റൺസ് കണ്ടെത്തി കൊണ്ടിരുന്ന റായിഡുവും 11-14 ഓവറുകൾക്കിടയിൽ പുറത്തായതോടെയാണ് ചെന്നൈ പതറിയത്. ധോണി, കേദാർ ജാദവ്, രവീന്ദ്ര ജഡേജ എന്നിവർ കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതോടെ ചെന്നൈ തോൽവിയിലേക്ക് വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here